
തിരുവനന്തപുരം: കേരളത്തിലെ പക്ഷികളുടെ വിതരണത്തിലും എണ്ണത്തിലും കാലക്രമേണ സംഭവിക്കുന്ന മാറ്റങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനായി കേരള ബേർഡ് അറ്റ്ലസ് 2.0 പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കവടിയാർ കൊട്ടാരം വളപ്പിൽ നടന്ന ചടങ്ങിൽ വനംമന്ത്രി ഷിബു ബേബി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം മുമ്പ് പുറത്തിറക്കിയ കേരള ബേർഡ് അറ്റ്ലസിന്റെ രണ്ടാം പതിപ്പായ ഈ പൗരശാസ്ത്ര (Citizen Science) പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വീണ്ടും ക്രമബദ്ധമായ പക്ഷിസർവേ നടത്തും.
പ്രതിവർഷം രണ്ട് ഘട്ടങ്ങളിലായാണ് സർവേ നടക്കുക. ആദ്യഘട്ടം ജൂലൈ പകുതി മുതൽ സെപ്റ്റംബർ പകുതി വരെയും, രണ്ടാംഘട്ടം ജനുവരി പകുതി മുതൽ മാർച്ച് പകുതി വരെയും ആയിരിക്കും. സർവേ കൂടുതൽ കൃത്യതയോടെ നടത്തുന്നതിനായി സംസ്ഥാനത്തെ ഗ്രിഡുകൾ, ക്വാഡ്രന്റുകൾ, ഉപവിഭാഗങ്ങൾ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
ആദ്യ കേരള ബേർഡ് അറ്റ്ലസ് സംസ്ഥാനത്തെ സാധാരണ പക്ഷികളുടെ നിലയും വിതരണവും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ നൽകിയിരുന്നു. നിശ്ചിത ഇടവേളകളിൽ സർവേ ആവർത്തിക്കുന്നതിലൂടെ പക്ഷിവർഗങ്ങളുടെ വ്യാപനത്തിലും എണ്ണത്തിലും ഉണ്ടാകുന്ന ദീർഘകാല മാറ്റങ്ങൾ ശാസ്ത്രജ്ഞർക്കും സംരക്ഷണ പ്രവർത്തകർക്കും വിലയിരുത്താൻ സാധിക്കും. ഇതിലൂടെ പരിസ്ഥിതി വ്യതിയാനങ്ങൾ തിരിച്ചറിയാനും ശാസ്ത്രീയമായ സംരക്ഷണ നയങ്ങൾ രൂപപ്പെടുത്താനും സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച വനംമന്ത്രി ഷിബു ബേബി ജോൺ, പരിസ്ഥിതി സംരക്ഷണവും മനുഷ്യൻ–വന്യജീവി സഹവർത്തിത്വവും ഒരുപോലെ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. വനാതിർത്തി പ്രദേശങ്ങളിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും സർക്കാർ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുഖ്യ വന്യജീവി വാർഡൻ പി. പുകഴേന്തി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എൻ. അനിൽകുമാർ, വന്യജീവി ശാസ്ത്രജ്ഞൻ പി.ഒ. നമീർ, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ എന്നിവർ പങ്കെടുത്തു.